പേരാവൂർ (കണ്ണൂർ): ആംബുലൻസിലും സിഐടിയു കൊടികുത്തി സമരത്തിൽ. കണ്ണൂർ ജില്ലയിലെ പേരാവൂർ താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന 108 ആംബുലൻസ് യൂണിറ്റിലെ ഡ്രൈവറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ആംബുലൻസിൽ തന്നെ കൊടികുത്തിയത്. ആംബുലൻസ് സർവീസ് നിർത്തിവച്ചിരിക്കുകയാണ്. യൂണിയൻ സംസ്ഥാന സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഡ്രൈവറെയാണ് സ്ഥലം മാറ്റിയത്. 24 മണിക്കൂർ സർവ്വീസ് നടത്തുന്ന ആംബുലൻസിലാണ് കൊടികുത്തി സമരം നടത്തിയിട്ടുള്ളത്. അച്ചടക്ക നടപടി യുടെ ഭാഗമായിട്ടാണ് സ്ഥലം മാറ്റം എന്ന് 108 ആംബുലൻസ് വിഭാഗം പറയുന്നു. ആദിവാസി യുവതിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോകും വഴി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആംബുലൻസ് സ്വകാര്യ ആശുപത്രിയിലേക്ക് പോയതാണ് തർക്കത്തിനും നടപടിക്കും കാരണമായതെന്നാണ് യൂണിയൻ പറയുന്നത്. അവസരോചിതമായി പ്രവർത്തിച്ചതിനെ അഭിനന്ദിക്കുന്നതിന് പകരം ശിക്ഷണ നടപടിയാണ് ഉണ്ടായതെന്നും യൂണിയൻ പറയുന്നു.
108 Ambulance flagging CITU's strike.